Saturday, January 23, 2010

പ്രേമലേഖനം ആവശ്യമുണ്ട്

കോളേജില്‍ പഠിക്കുന്ന കാലത്ത് പൈസക്ക് വേണ്ടി പ്രേമലേഖനങ്ങള്‍ എഴുതി കൊടുത്തിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. പേര് മനോജ്‌. മികച്ച മദ്യപാനി.

പത്തു രൂപയായിരുന്നു ഒരു പ്രേമലേഖനത്തിന്റെ വില. കോളേജിലെ ഒട്ടു മിക്ക ആണ്‍കുട്ടികള്‍ക്കും കാണാപാഠമായിരുന്ന ഇവന്റെ വരികള്‍ പക്ഷെ പെണ്‍കുട്ടികള്‍ എന്ത് കൊണ്ടോ അറിയില്ലാ എന്ന് ഭാവിച്ചു. തങ്ങള്‍ കൊടുക്കാന്‍ പോകുന്ന പ്രേമലേഖനങ്ങള്‍ ആണ്‍കുട്ടികള്‍ എല്ലാ കൂട്ടുകാരെയും കാണിച്ചിട്ട് കൊടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കു കിട്ടുന്ന കത്തുകള്‍ മറ്റാരെയും കാണിക്കാതെ ഒളിപ്പിച്ചിരുന്നതിനാലാവാം ഇത്.

എന്തായാലും പറഞ്ഞും പാടിയും കേള്‍പ്പിക്കാന്‍ കാമുകിമാരില്ലാഞ്ഞതിനാല്‍ ഞാനും മനോജും ചില ദിവസങ്ങളില്‍ രണ്ടു പെഗ്ഗും അടിച്ചു ഹോസ്റ്റലിലെ ടെറസ്സില് കിടന്നു ആകാശം നോക്കി ഈ വരികള്‍ ഉരുവിടുമായിരുന്നു. കാണുന്ന എല്ലാ സുന്ദരിമാരോടും മനസ്സില്‍ പ്രണയം തോന്നിയിരുന്ന ഞാന്‍ ആകാശത്തിലെ എണ്ണമറ്റ നക്ഷത്രങ്ങളെയും പ്രണയിച്ചപ്പോള്‍ മനോജ്‌ തനിക്കു വേണ്ടി മാത്രം എവിടെയോ ഉണ്ടെന്നു വിശ്വസിച്ച ആ പെണ്‍കുട്ടിയെ എന്ന പോലെ നിലാവിനെ മാത്രം സ്നേഹിച്ചു.

അവന്റെ മാസ്റ്റര്‍പീസ്
എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നുണ്ടായിരുന്നു. തന്നെ വഞ്ചിച്ചു വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിക്ക് കാമുകന്റെ അവസാനത്തെ കത്ത്.

"എന്റെ കണ്ണില്‍ നിന്ന് ഇറ്റു വീണ ചോരതുള്ളികള്‍ നീ കണ്ടില്ല... പ്രാണന്‍ വേര്‍പെടുമ്പോള്‍ ഉണ്ടാകുന്ന ഹൃദയത്തിന്റെ പിടച്ചില്‍ നീ അറിഞ്ഞില്ല ... അപ്പോഴും മറ്റാരുടെയോ ചാരത്തണയാനുള്ള വെമ്പലിലായിരുന്നു നീ..."

"ഒരു കുടന്ന പുഞ്ചിരി പൂവുമായി വഴിയോരത്ത് എന്നെ കാത്തു നില്ക്കാന്‍ ഇനി ആരുമില്ല ... കടലില്‍ വീണ മണ്‍തരി പോലെ നിന്നെ ഞാന്‍ തേടി...നിന്നെ കണ്ടുമുട്ടിയ ഓരോ നിമിഷവും ഞാന്‍ അറിഞ്ഞു. പക്ഷെ നീയോ...?"


"ആത്മാര്‍ത്ഥ സ്നേഹത്തെ നീ ഏതു ഏകകം കൊണ്ടാണ് തുലനം ചെയ്തത്? പണമോ പദവിയോ അതോ സൗന്ദര്യമോ?"

"ഇനി വരുന്ന നാളത്തെ പുലരികള്‍ നിറമുള്ളതായി തീരട്ടെ എന്ന് ആശംസിച്ചു കൊണ്ട്..."


അങ്ങനെ നിരവധി വരികള്‍. പലതും മറന്നു പോയി. ഹൃദയരക്തം ചാലിച്ചു പലരും എഴുതി കൈമാറിയ ഈ കത്ത് പല പെണ്‍കുട്ടികളും ഇന്നും പെട്ടിക്കടിയിലോ അതുമല്ലങ്കില്‍ മനസിനുള്ളിലോ സൂക്ഷിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെയെങ്കില്‍ ബാക്കി വരികളും കൂടി ഒന്ന് ഓര്‍മിപ്പിച്ചു തരണം എന്ന് വിനീതനായി അഭ്യര്‍ത്ഥിക്കുന്നു.

പെണ്‍കുട്ടികള്‍ പലരും കടന്നു പോയെങ്കിലും ആകാശത്തിലെ നക്ഷത്രങ്ങളും നിലാവും ഇന്നും ബാക്കിയുണ്ടല്ലോ...


.

4 comments:

 1. ആകാശത്തിലെ നക്ഷത്രങ്ങളും നിലവും മാത്രമല്ല പെണ്‍കുട്ടികള്‍ ഇനിയുമേറെ ബാക്കിയുണ്ട്, നിരാശനാവാതെ....ലക്ഷം ലക്ഷം പിന്നാലെ........

  ReplyDelete
 2. kollamallo Done... ullinte ullil olippichu vacha Romantic mara neeki purathuvarunne...

  ReplyDelete
 3. "ഒരു കുടന്ന പുഞ്ചിരി പൂവുമായി വഴിയോരത്ത് എന്നെ കാത്തു നില്ക്കാന്‍ ഇനി ആരുമില്ല ... കടലില്‍ വീണ മണ്‍തരി പോലെ നിന്നെ ഞാന്‍ തേടി...നിന്നെ കണ്ടുമുട്ടിയ ഓരോ നിമിഷവും ഞാന്‍ അറിഞ്ഞു. പക്ഷെ നീയോ...?"
  ഡോണേട്ടാ കലക്കി...

  ReplyDelete
 4. thanks everyone...@Surya - ithokke our katha alle...;)

  ReplyDelete