വാട്സപ്പിൽ മലയാളിയെപ്പറ്റി പ്രചരിക്കുന്ന ഒരു തമാശയുണ്ട് - അച്ഛൻ മരിച്ചാൽ മദ്യസത്കാരവും സദ്ദാം ഹുസൈൻ മരിച്ചാൽ ഹർത്താലും നടത്തും മലയാളി. ഇറാനിൽ ഒരു ഇന്റലിജെൻസ് ഓഫീസറെ കൊന്നു എന്ന കുറ്റമാരോപിച്ച് ഇരുപത്തിയാറു വയസ്സുള്ള റൈഹാനെ ജബ്ബാരി എന്ന യുവതിയെ ഇറാനിയാൻ സർക്കാർ തൂക്കിലേറ്റിയപ്പോൾ കേരളത്തിലെ പൊതുസമൂഹം ധാർമ്മികരോഷം കൊണ്ടു പൊട്ടിത്തെറിച്ചു. ഏകാധിപത്യ- പൗരോഹിത്യഭരണം നടക്കുന്ന ഇറാനിൽ അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ സ്വാതന്ത്ര്യവും അധികാരങ്ങളും കേരളത്തിൽ അങ്ങോളം ഇങ്ങോളം ചർച്ചചെയ്യപ്പെട്ടു. റൈഹാനെയുടെ ഫ്ലക്സ് ചിത്രങ്ങൾ പൊതുനിരത്തുകളിലും ഫേസ്ബുക്ക് പ്രൊഫൈൽപിക്ച്ചറുകളായും വ്യാപകമായി പ്രചരിച്ചു.
പക്ഷെ ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വീറോടെ വാദിച്ച മലയാളികൾ, കേരളത്തിൽ ഒരു സംഘം ആളുകൾ ചുംബനസമരം നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ നെറ്റിചുളിച്ചു. സ്വാതന്ത്ര്യമാകാം, അത്രയ്ക്ക് അങ്ങട് വേണ്ട എന്നായി നിലപാട്. ഏറ്റവും മാന്യമായി ഈ സമരത്തെ എതിർത്തവരുടെ നിലപാട് ഇതിലും പ്രധാനപ്പെട്ട എത്രയോ വിഷയങ്ങളുണ്ട് സമരം ചെയ്യാൻ എന്നായിരുന്നു. തികച്ചും ന്യായമായ വാദം. പിന്നെ പതിവുള്ള സദാചാരബോധം, സാംസ്കാരികമൂല്യം, മഹത്തായ പാരമ്പര്യം തുടങ്ങിയ നമ്മുടെ പതിവു ക്ലീഷേ വാദഗതികൾ.
ചുംബനസമരത്തെ എതിർത്തവർ പലരും (ചിലർ മനപ്പൂർവം) മനസ്സിലാക്കാതെ പോയ കാര്യം ഈ പരിപാടിയിൽ പങ്കെടുക്കാൻ വന്നവർ മറൈൻ ഡ്രൈവിൽ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് രമിക്കാൻ വന്നവരല്ല. ഇതൊരു പ്രതിഷേധമായിരുന്നു. മോറൽ പോലീസിങ്ങിനെതിരെയും ആണും പെണ്ണും കൈകൾകോർത്തുപിടിച്ചു നിന്നാൽ വിറളിപ്പിടിക്കുന്ന മലയാളിയുടെ സങ്കുചിത മനോഗതിക്കെതിരെയുമുള്ള ഒരു ചെറിയ 'shock and awe' സമരം.
സ്ത്രീ-പുരുഷ ബന്ധങ്ങളെയും
ലൈംഗികതയെയും കുറിച്ചുള്ള മലയാളിയുടെ മനോഭാവം പലപ്പോഴും അമ്പരിപ്പിക്കുന്ന രീതിയിൽ പിന്തിരിപ്പനും പഴഞ്ചനുമാണ്. ചുംബനസമരം തീർച്ചയായും പ്രതീകാത്മകമായ ഒന്നായിരുന്നു. സങ്കുചിതമലയാളിയെ ഞെട്ടിപ്പിക്കുക എന്നതായിരുന്നു ഈ സമരത്തിന്റെ ലക്‌ഷ്യം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പൊതുമണ്ഡലത്തിൽ ഈ സമരവും അതിന്റെ കാരണങ്ങളും ചർച്ചാവിധേയമായി എന്നതുതന്നെ ഈ സമരത്തിന്റെ വിജയമാണ്.
പ്രതീക്ഷിച്ചതുപോലെ തന്നെ സംസ്കാരത്തിന്റെ കാവൽക്കരായ പോരാളികൾ എതിർപ്പും അക്രമഭീഷണിയുമായി രംഗത്തെത്തി. ശിവസേനയും യാഥാസ്ഥിതിക മുസ്ലിംസംഘടനകളും ഒരുമിച്ചുനിന്ന് എതിർത്തപ്പോൾ അതു കണ്ണിനു കുളിർമയുള്ള കാഴ്ച്ചയായി. ഇനിയെങ്കിലും ഇവർ ഒരുമിക്കുകയും മതത്തിന്റെ പേരിൽ പരസ്പരം വെട്ടിക്കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്യാതിരിക്കട്ടെ.
പക്ഷെ പ്രതീക്ഷിക്കാഞ്ഞത് ചുംബനങ്ങൾ പരസ്യമായി കാണാം എന്ന പ്രതീക്ഷയുമായി വന്ന voyeurist-കളുടെ എണ്ണമാണ്. അന്ന് ആ വഴിപോയ എല്ലാ പെണ്‍കുട്ടികളെയും മൊബൈൽ ഫോണിലെ ക്യാമറയിൽ പകർത്തിയും പുറകേനടന്നു അക്രോശിച്ചും അസഭ്യം പറഞ്ഞും വന്ന മലയാളികൾ സാംസ്കാരികകേരളത്തിന്റെ മഹത്ത്വം ഉയരത്തിപിടിക്കുക തന്നെ ചെയ്തു!!
കേരളത്തിന്റെ സംസ്കാരം സംരക്ഷിക്കപ്പെടണം എന്നു വാദിക്കുന്നവർ ചരിത്രത്തിലേക്കുംകൂടി ഒന്നുതിരിഞ്ഞു നോക്കേണ്ടതുണ്ട്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലെയും അധകൃതവർഗത്തിൽ / കീഴ്ജാതിയിൽപെട്ട സ്ത്രീകൾ നിരന്തരമായ പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരായിരുന്ന കാലം അത്ര പണ്ടൊന്നുമല്ല. സ്ത്രീകളുടെ മോഡേണ്‍ വസ്ത്രധാരണ രീതി പീഡനങ്ങൾ കൂട്ടുന്നു എന്നു വിലപിക്കുന്ന ചിലരുണ്ടല്ലോ. കീഴ്ജാതിക്കാരായ സ്ത്രീകളെ മാറ്മറക്കാൻ അനുവദിക്കാതെയും കുടിയൊഴിപ്പിക്കലിന്റെ ഭീഷണിയിലും അവരെ മാനഭംഗപ്പെടുതിയും ബലാത്സംഗം ചെയ്തും വിഹരിച്ച വരേണ്യവർഗ്ഗത്തിന്റെ ഫ്യൂഡൽ ചിന്താഗതിയുടെ തിരുശേഷിപ്പുകാർ മാത്രമാണീ കൂട്ടർ.
എന്റെ നല്ല സുഹൃത്തുക്കളിൽ ചിലരും ഈ സമരം കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല എന്ന് പറയുകയുണ്ടായി. അവരോട് ഞാൻ പറയട്ടെ - സംസ്കാരം ഇങ്ങനെ നാലുതൂണുകളുമായി സ്ഥായിയായി നിൽക്കുന്ന ഒരു ദീപസ്തംഭമല്ല. അതു ചലനങ്ങൾക്കും പരിവർത്തനങ്ങൾക്കും വിധേയമായ ഒന്നാണ്. മാറ്റങ്ങൾ എന്നും ഉണ്ടാകും. അതു നമ്മൾ അംഗീകരിച്ചേ മതിയകൂ. മാറ്റങ്ങളെ നമ്മൾ എതിർത്തു തുടങ്ങുമ്പോൾ, ചലനാത്മകത ഇല്ലാതാകുമ്പോൾ നമ്മുടെ സംസ്കാരം ദ്രവിച്ചു തുടങ്ങും. പഴകിപൊളിഞ്ഞു അതു നിലം പൊത്തും. വൈകാതെ നമ്മൾ മറ്റൊരു ഇറാനായി മാറും.
Voyeurism മലയാളികളുടെ മാത്രമല്ല, ഇന്ത്യക്കാരുടെ മൊത്തം സ്വഭാവസവിശേഷതയാണെന്നുള്ളത്തിന്റെ മറ്റൊരു ഉത്തമഉദാഹരണമായിരുന്നു മുൻ ബാലനടിയും ദേശീയ അവാർഡ് ജേതാവുമായ
ശ്വേത ബസു പ്രസാദിന്റെ അറസ്റ്റും അതെത്തുടർന്നുണ്ടായ വിവാദങ്ങളും. വേശ്യാവൃത്തിയിൽ ഏർപ്പെട്ടു എന്നാരോപിച്ചു ശ്വേതയെ ഹൈദരാബാദിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആ വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചു. "പണത്തോടുള്ള ആർത്തി അവരെ വഴിതെറ്റിച്ചെന്നും", "എല്ലാ നടിമാരും ഇങ്ങനെയൊക്കെ തന്നെ" എന്നുമുള്ള ഡയലോഗുകൾ ന്യൂസ്റൂമുകളിലെ ചർച്ചാവേദികളിൽ ഉയർന്നുകേട്ടു. അവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്ന സ്ത്രീകളോടു സാധാരണ കാണിക്കുന്ന മാന്യതപോലും കാട്ടാതെ അവരുടെ കളർഫോട്ടോ ഫ്രണ്ട്പേജിൽ കൊടുത്തും കുടുംബക്കാരെ തേടിപ്പിടിച്ച് ചാനലുകളിൽ ലൈവ് ചർച്ച നടത്തിയും അവരെ നമ്മൾ ലോകത്തിന്റെ മുന്നിൽ നാണം കെടുത്തി.
ഒന്നാലോചിച്ചാൽ റൈഹാനെ ജബ്ബാരിയുടെ അവസ്ഥ തന്നെയാണല്ലോ ശ്വേതക്കുമുണ്ടായത്. ഇറാനിലെ വ്യവസ്ഥിതി റൈഹാനെയെ തൂക്കിലേറ്റിയപ്പോൾ ഇവിടെ ഇന്ത്യൻ വ്യവസ്ഥിതിയും അക്ഷരാർത്ഥത്തിൽ ശ്വേതയെ സ്മാർത്തവിചാരണയുടെ തൂക്കിലേറ്റി. അവരുടെ ജീവിതം അവരിൽ നിന്നെടുത്തു മാറ്റി. അവർക്കു പറയാനുള്ളതൊന്നും നമ്മൾ ചെവികൊണ്ടില്ല. അവർ 'തേവിടിശ്ശി'യാണല്ലോ. റൈഹാനെക്കു നേരയും ഇതേ ആരോപണം ഇറാൻ സർക്കാരും ഉന്നയിച്ചിരുന്നു എന്ന കാര്യം നമ്മൾ സൗകര്യപൂർവം വിസ്മരിച്ചു. 'തേവിടിശ്ശി'യാണെങ്കിൽ അവരെ മനുഷ്യസമൂഹത്തിന്റെ ഭാഗമായി കണക്കാക്കാൻ പറ്റില്ലല്ലൊ. ചുംബനസമരത്തെ എതിർക്കുന്നവരോട് ഒരു വാക്ക് - ഒരു സ്ത്രീയും പുരുഷനും, കൈകൾ കൂട്ടിപ്പിടിച്ചോ അല്ലാതെയോ, ഇഷ്ടമുള്ള പൊതുസ്ഥലത്തു നിന്നു സംസാരിക്കുമ്പോൾ ഒരു ബന്ധവും പരിചയവുമില്ലാത്ത ഒരാൾ വന്നു "വീട്ടിൽ പോടീ തേവിടിശ്ശീ!" എന്ന് ആക്രോശിക്കുന്ന അവസ്ഥ മാറാനുംകൂടി വേണ്ടിയായിരുന്നു ഈ സമരം.
മറ്റുള്ളവരെ കുറ്റപ്പെടുത്താനല്ല ഞാനിതെഴുതുന്നത്. മുമ്പു കോളേജിൽ
പഠിക്കുമ്പോഴും എന്റെ നാട്ടിലുമൊക്കെ അറിഞ്ഞും അറിയാതെയും ഞാനും സദാചാരപോലീസ് കളിച്ചിട്ടുണ്ട്. അന്ന് അതു മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി തിരിച്ചറിയാനുള്ള പക്വത എനിക്കില്ലാതെ പോയി. ആ അബദ്ധം നിങ്ങളും കാണിക്കരുത് എന്നുമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു.
നിങ്ങൾ ചോദിക്കാൻ പോകുന്ന ചോദ്യത്തിന്റെ മറുപടിയും ഞാൻ ആദ്യമേ പറയാം - എന്റെ സഹോദരിയോ മകളോ ഇങ്ങനെ ഒരു സമരത്തിനു പോകണം എന്നു പറഞ്ഞാൽ ഞാൻ എതിർക്കില്ല. അങ്ങനെ പോയതുകൊണ്ടു അവരുടെ സംസ്കാരവും മാന്യതയും തകരും എന്നു ഞാൻ വിശ്വസിക്കുന്നില്ല. ചുംബനസമരത്തെ അനുകൂലിക്കുന്നു അല്ലെങ്കിൽ അതിനോടെതിർപ്പില്ല എന്നു പറഞ്ഞാൽ ആദ്യം നേരിടുന്ന ചോദ്യം "നിന്റെ അമ്മയോ പെങ്ങളോ ഈ സമരത്തിനു പോയാൽ നീ എന്തു പറയും??" എന്നാണല്ലോ.
മരിക്കുന്നതിനു മുമ്പ് റൈഹാനെ
അമ്മയ്ക്കെഴുതിയ കത്ത് നമ്മൾ മാധ്യമങ്ങളിൽകൂടെയും ഓണ്‍ലൈൻ വഴിയും വായിച്ചു കണ്ണുനീർ പൊഴിച്ചു. ജയിലിൽ നിന്ന് (ശരിക്കു പറഞ്ഞാൽ 'റസ്ക്യു ഹോമി'ൽ നിന്ന്) പുറത്തിറങ്ങിയ ശ്വേത 'ടൈംസ് ഓഫ് ഇന്ത്യ'ക്കു നൽകിയ അഭിമുഖത്തിൽ അവരുടെ അനുഭവങ്ങളെകുറിച്ച് അവരെഴുതിയ ചെറിയ ഒരു കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇറാനിലെ സഹോദരി റൈഹാനെയുടെ കത്തിനു നൽകിയ പ്രാധാന്യം ഇന്ത്യയിലെ ഈ നിർഭാഗ്യവതിയായ പുത്രിയുടെ വാക്കുകൾക്കു നമ്മൾ നൽകിയില്ല. എങ്കിലും അതിജീവനത്തിന്റെ ഈ കൊച്ചുസന്ദേശം എവിടെയും കേൾക്കപ്പെടാതെ പൊകരുതെന്ന ആഗ്രഹത്തിൽ ആ കവിത താഴെ കൊടുക്കുന്നു:
“Thunderstruck, all alone, I stand here at the edge of the cliff.
I crawled the dense forest to get here
The tribes and wild and strays
They say `Jump, jump from the cliff.'
As I look down, naked, cold and trembling,
The ferocious sea I see with its mouth open
It's ready to swallow me.
The noises are unbearable the place so dark.
As I decided to jump in the sea I saw the North Star.
I remembered how it shone above my blessed home
where singing hugging and laughter awaited me
I said, `Wait I want to go home.'
The voices murmured, `End the journey.'
`Jump! Jump you ugly thing.'
I smiled to them and pitied them,
They don't know I have wings.”